This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

ബാലസാഹിത്യപരിപോഷണാര്‍ഥം സംസ്ഥാനസര്‍ക്കാര്‍ 1981-ല്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്. എബ്രഹാം ജോസഫ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രഥമ ഡയറക്ടര്‍. കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്കും സാംസ്കാരികവികാസത്തിനും ഉതകുന്ന ബാലസാഹിത്യഗ്രന്ഥങ്ങള്‍, ബാലസാഹിത്യത്തെക്കുറിച്ചും മറ്റു വിജ്ഞാനമേഖലകളെക്കുറിച്ചും ശരിയായ അവബോധം കുട്ടികളില്‍ വളര്‍ത്താനുതകുന്ന വൈജ്ഞാനികഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക; തെരഞ്ഞെടുത്ത മലയാളകവിതകള്‍, കുട്ടിക്കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവയുടെ കാസറ്റുകള്‍, സിഡികള്‍ എന്നിവ തയ്യാറാക്കുക; ബാലസാഹിത്യത്തെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും ശില്പശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുക, കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പുകളും പുരസ്കാരങ്ങളും ഏര്‍പ്പെടുത്തുക, ബാലസാഹിത്യമേഖലയില്‍ അവാര്‍ഡുകള്‍ നല്കുക എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിത സംരംഭം എന്നു വിശേഷിപ്പിക്കാവുന്ന ബാലകൈരളി വിജ്ഞാനകോശങ്ങളില്‍, വിവിധ വിജ്ഞാനശാഖകള്‍ക്ക് ഊന്നല്‍ നല്കുന്നു. ഇതുവരെ 6 വാല്യങ്ങളാണ് ഈ പരമ്പരയില്‍ പ്രസിദ്ധീകൃതമായിട്ടുള്ളത്. ജീവചരിത്ര പരമ്പരകള്‍, ലോക ക്ലാസ്സിക്കുകളുടെ വിവര്‍ത്തനങ്ങള്‍, കഥാസരിത് സാഗരം പോലുള്ള ബൃഹത്കഥാപരമ്പരകള്‍, പരിസ്ഥിതി പുസ്തകങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍, ചിത്ര പുസ്തകങ്ങള്‍, ചരിത്രപുസ്തകങ്ങള്‍ എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു വരുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ബാലമാസികയായ തളിര് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഭാവനയാണ്. ബാലസാഹിത്യ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ക്കായി ബാലസാഹിത്യ പുരസ്കാരങ്ങളും സമഗ്രസംഭാവനാ പുരസ്കാരവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. ടൂറിസം വകുപ്പിന്റെ 'മുസ്രിസ്' പദ്ധതിക്കാവശ്യമായ പുസ്തകങ്ങളും ന്യൂസ് ലെറ്ററുകളും പ്രസിദ്ധീകരിക്കുന്ന ചുമതല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിക്ഷിപ്തമായിരിക്കുന്നു. 'തിരുവനന്തപുരം പുസ്തകമേള' എന്നപേരില്‍ ലോകോത്തര നിലവാരത്തിലുള്ള പുസ്തകങ്ങളെയും പ്രസാധകരെയും പങ്കെടുപ്പിക്കുന്ന ഒരു മേള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ 2007 മുതല്‍ നടന്നുവരുന്നു. ഈ മേളയില്‍ അതതു വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിക്കുന്ന മികച്ച 10 പുസ്തകങ്ങള്‍ക്ക് പ്രത്യേക പുരസ്കാരം നല്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍